വാർസോ: പോളണ്ടിലെ റെയിൽവേ പാളത്തിൽ സ്ഫോടനം നടത്തിയത് റഷ്യക്കുവേണ്ടി പ്രവർത്തിക്കുന്ന രണ്ട് യുക്രെയ്ൻ പൗരന്മാരാണെന്ന് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് പറഞ്ഞു. പാർലമെന്റിലെ അധോസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഇരുവരുടെയും വിവരങ്ങൾ വ്യക്തമായിട്ടുണ്ടെങ്കിലും അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ പേരുകൾ പുറത്തുവിടാൻ സാധിക്കില്ല. ട്രെയിൻ കത്തിക്കാനുള്ള ശ്രമമായിരിക്കാം നടന്നത്.
തലസ്ഥാന നഗരിയായ വാർസോവിനെ യുക്രെയ്ൻ അതിർത്തിയുമായി ബന്ധിപ്പിച്ചിരുന്ന റെയിൽവേ പാളത്തിലുണ്ടായ സ്ഫോടനം മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അട്ടിമറിശ്രമമായിരുന്നുവെന്നും ടസ്ക് വ്യക്തമാക്കി.
ഈ പാളത്തിന്റെ തെക്കുഭാഗത്ത് വൈദ്യുതി ലൈനുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിനും ഇതുമായി ബന്ധമുണ്ടെന്ന് പോളണ്ട് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും ട്രെയിനുകൾ നിർത്തിയിടേണ്ടി വന്നുവെങ്കിലും ആളപായമുണ്ടായില്ല. കേടുപാടുകൾ പരിഹരിച്ചതായാണ് വിവരം.